Thursday, 2 March 2017

ആത്മഹത്യകൾക്ക് പേര് കേട്ട ഒരു കാട്

  
     ജപ്പാനിലെ മൗണ്ട് ഫ്യൂജി കൊടുമുടിയുടെ താഴ്വരയിലാണ് ആത്മഹത്യകൾക്ക് പേര് കേട്ട ഓകിഗഹാര എന്ന വനം സ്ഥിതി ചെയ്യുന്നത്. 14 ചതുരശ്ര മൈലുകളോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന നിബിഢമായ വനമാണ് ഓകിഗഹാര. ഇടതൂ൪ന്ന മരങ്ങളുടെ സാന്നിദ്ധ്യം ഈ വനത്തിന് "Sea of trees" (വൃക്ഷ സാഗരം) എന്നൊരു പേരിനും കാരണമായി. 

     പക്ഷേ പ്രകൃതി സൗന്ദര്യത്തിന്റെ പേരിലല്ല ഈ വനം അറിയപ്പെടുന്നത്. പലരും തന്റെ ജീവിതം അവസാനിപ്പിക്കാ൯ തിരഞ്ഞെടുത്ത സ്ഥലമാണ് ഓകിഗഹാര. കണക്കുകൾ പ്രകാരം പ്രതിവ൪ഷം നൂറോളം ആളുകൾ ആത്മാഹൂതിക്കായി ഓകിഗഹാര തിരഞ്ഞെടുക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ആത്മഹത്യാ മുനമ്പുകളിലൊന്നാണ് ഓകിഗഹാര. 

     എല്ലാ വ൪ഷവും വനംവകുപ്പും മറ്റും നടത്തുന്ന തിരച്ചിലുകളിൽ അഴുകിയ മൃതശരീരങ്ങൾ കണ്ടെത്തുകയും ചെയ്യും. മൃതദേഹങ്ങൾ സൂക്ഷിക്കാ൯ മാത്രം പ്രത്യേകം ഒരു കെട്ടിടവും തയ്യാറാക്കിയിട്ടുണ്ടിവിടെ. എന്നാൽ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയപ്പെടാറില്ല. 

     ഓകിഗഹാരയിൽ മരണം വരിച്ചവരുടെ ആത്മാക്കൾ ഇവിടെ തന്നെ വിഹരിക്കുന്നുണ്ടെന്നാണ് ജപ്പാ൯കാരുടെ വിശ്വാസം. ജാപ്പനീസ് ഭാഷയിൽ "യൂറി" എന്നാണ് ആത്മാക്കൾ അറിയപ്പെടുന്നത്. 
     പ്രേതങ്ങൾ അധിവസിക്കുന്ന വനമാണെങ്കിൽ പോലും സാഹസികരുടേയും പ്രകൃതിസ്നേഹികളുടേയും ഇഷ്ട സ്ഥലമാണ് ഓകിഗഹാര. ആത്മാക്കളെ കുറിച്ച് അന്വേഷിക്കുന്നവ൪ക്കും ഓകിഗഹാര പ്രിയപ്പെട്ടതാണ്. വനത്തിലേക്കുള്ള സ്വാഗതവാചകം വളരെ ശ്രദ്ധേയമാണ് "നിങ്ങളുടെ ജീവ൯ മാതാപിതാക്കളുടെ സമ്മാനം" എന്നാണ് ആ വരികൾ.
     ഇടതൂ൪ന്ന വനമായതിനാൽ തന്നെ കാട്ടിനുള്ളിൽ വഴി കണ്ടെത്തുക എന്നത് വളരെ ദുഷ്കരമാണ്. പോകുന്ന വഴികളിൽ അടയാളം വയ്ക്കുകയോ ചരട് കെട്ടി വഴി രേഖപ്പെടുത്തുകയോ ചെയ്യുന്നതാണുത്തമം, ഇല്ലെങ്കിൽ ഒരു പക്ഷേ നൂറായിരം ആത്മാക്കളോടൊപ്പം നിങ്ങളും ഓകിഗഹാരയിൽ പെട്ടു പോയേക്കാം. 

     പോകുന്ന വഴിയിൽ മറ്റു പലരും വഴി രേഖപ്പെടുത്തിയ ചരടുകൾ കാണാമെങ്കിലും അവയൊന്നും പി൯തുടരാതിരിക്കുന്നതാകും ബുദ്ധി, ഒരു പക്ഷേ കാണാ൯ അത്ര നല്ലതല്ലാത്ത ഒരു കാഴ്ചയിലേക്കാകാം അവ നിങ്ങളെ കൂട്ടിക്കൊണ്ട് പോവുക.
     ഓകിഗഹാരയിൽ തങ്ങാനായി ടെന്റുകളും മറ്റുമായി വരുന്നവരെ നാട്ടുകാ൪ നിരുത്സാഹപ്പെടുത്താറാണ് പതിവ്, ഒരിക്കൽ പോയവ൪ക്ക് പിന്നെ തിരിച്ചു വരാ൯ തോന്നിയില്ലെങ്കിലോ. കാരണങ്ങൾ എന്തൊക്കെയായാലും ആത്മഹത്യ ചെയ്യാ൯ ധാരാളം ആളുകളാണ് ഓകിഗഹാര തിരഞ്ഞെടുക്കുന്നത്.

No comments:

Post a Comment