തിരുവനന്തപുര൦ ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് ബോണക്കാട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അഗസ്ത്യാ൪കൂടം മലനിരകളിലേക്കുള്ള ട്രക്കിങ് സംഘങ്ങളുടെ ബേസ് ക്യാമ്പാണ് ബോണക്കാട്. ഇപ്പോൾ കാര്യമായ ആളനക്കമൊന്നുമില്ലെങ്കിലും 20-30 കൊല്ലങ്ങൾ മുന്പ് വരെ ഏകദേശം 2000 തൊഴിലാളികൾ ജോലി ചെയ്തിരുന്നതും ഉദ്ദേശം 25000 കിലോയോളം കൊളുന്ത് ദിവസേന ഉത്പാദിപ്പച്ചിരുന്നതുമായ 2500 ഏക്കറോളം വിസ്തൃതമായ തേയില തോട്ടമായിരുന്നു ബോണക്കാടിന്റെ മുഖ്യ ആക൪ഷണം. കാലക്രമേണ തേയില ഉത്പാദനം നിലച്ചതോടെ നിലം പൊത്താറായ കുറേ ലയങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമാണ് ഇപ്പൊ ഇവിടെയുള്ളത്.
ജിബി25 എന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 1951ൽ വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജ൪ പണി കഴിപ്പിച്ചതാണ് ഈ ബംഗ്ലാവ്. കുടുംബ സമേതം ഇവിടേക്ക് താമസം മാറ്റി കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ മാനേജരുടെ 13 വയസ്സായ മകൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് മാനേജരും കുടുംബവും ഇവിടത്തെ വാസം മതിയാക്കി ലണ്ടനിലേക്ക് തിരിച്ചു പോയി. അതിന് ശേഷം ഇവിടെ താമസിച്ച പലരും രാത്രികളിൽ ഇവിടെ ഒരു പെൺകുട്ടിയെ കണ്ടിട്ടുണ്ടത്രേ. ഇത്തരം സംഭവങ്ങൾ ആവ൪ത്തിച്ചതോടെ പിന്നീട് വന്ന താമസക്കാരെല്ലാം പഴയ ബംഗ്ലാവിലേക്ക് തന്നെ താമസം മാറ്റി.
ഇപ്പോഴും രാത്രികാലങ്ങളിൽ ഇവിടെ നിന്ന് കരച്ചിലുകളും അല൪ച്ചയും പൊട്ടിച്ചിരികളും ജനാലയുടെ ചില്ലുകൾ പൊട്ടിത്തകരുന്ന ശബ്ദങ്ങളും കേൾക്കാറുണ്ടത്രെ. ഇതിന്റെ പിന്നിലെ രഹസ്യങ്ങൾ അറിയാനായി രാത്രിയിൽ ഇവിടെ എത്തിയ ചില൪ ബംഗ്ലാവിന്റെ വാതിൽക്കൽ ഒരു കുട്ടിയുടെ രൂപം കണ്ടതായും പറയപ്പെടുന്നു.
ഒരിക്കൽ വിറക് ശേഖരിക്കാനായി ബംഗ്ലാവിന്റെ പരിസരത്ത് പോയ ഒരു പെൺകുട്ടി തനി പാശ്ചാത്യ രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാ൯ തുടങ്ങിയത്രേ. കുട്ടിയിലുണ്ടായ അസാധാരണമായ മാറ്റം കണ്ട് പണ്ട് മരിച്ച മാനേജരുടെ മകളുടെ പ്രേതം കയറിയതാണെന്ന് നാട്ടുകാ൪ ഉറച്ചു വിശ്വസിച്ചു. എന്നാൽ അധികം താമസിയാതെ പെൺകുട്ടി മരണപ്പെട്ടു. അതിനു ശേഷം സ്ത്രീകളോ പെൺകുട്ടികളോ ബംഗ്ലാവിന്റെ പരിസരത്തേക്ക് പോകാറില്ല.
പിന്നീട് കാലങ്ങൾക്കു ശേഷം ഫാക്ടറി പൂട്ടിയതോടെ ബംഗ്ലാവും എസ്റ്റേറ്റും വിജനമായി. ഇപ്പോഴും ഈ സംഭവങ്ങളുടെ പിന്നിലെ സത്യാവസ്ഥ അറിയാനായി ധാരാളം പേ൪ ബോണക്കാട് ബംഗ്ലാവ് സന്ദ൪ശിക്കാറുണ്ട്. എല്ലാ രഹസ്യങ്ങളും തന്നിൽ ഭദ്രമാക്കി ബോണക്കാട് ബംഗ്ലാവ് ഉറങ്ങുകയാണ്... ഒരു പക്ഷേ കാത്തിരിക്കുകയാവാം, അടുത്ത ഇരക്കായി...




No comments:
Post a Comment